തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശാന്തിവിള ദിനേശ് തന്നെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തുവെന്ന് വ്യക്തമാക്കിയാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്.
പരാതിയിൽ കേസെടുത്ത പോലീസ് ഭാഗ്യലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി. കൂടാതെ ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് ചെയ്യുകയും ചെയ്തു.
സ്ത്രീകളെ യൂ ട്യൂബിലൂടെ അപമാനിച്ച യൂട്യൂബർ വിജയ് പി നായരെ മർദിച്ചതിന് പിന്നാലെ ശാന്തിവിള ദിനേശിനെതിരെയും ഭാഗ്യലക്ഷ്മി ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ വിജയ് പി. നായരെ കയ്യേറ്റം ചെയ്ത കേസിൽ ജാമ്യത്തിലാണ് ഭാഗ്യലക്ഷ്മി.