പത്തനംതിട്ട: പമ്പയിൽ കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ ഡിങ്കി മറിഞ്ഞ് ഫയർഫോഴ്‌സ് ജീവനക്കാരൻ മരിച്ചു.പത്തനംതിട്ട ഫയർ ബ്രിഗേഡിലെ ഫയർമാനായ ഒറ്റശേഖര മംഗല സ്വദേശി ശരത് ഭവനിൽ ആർ. ശരതാ(30)ണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മാടമൺ തടയണയുടെ അടുത്താണ് ഡിങ്കി മറിഞ്ഞത്. തടയണയ്ക്ക് അടുത്തുവെച്ച് ഡിങ്കിയിൽ വെള്ളം കയറി മുങ്ങുകയായിരുന്നു. ഡിങ്കിയിലുണ്ടായിരുന്ന നാലു പേർ നീന്തി രക്ഷപ്പെട്ടു. എന്നാൽ ഡിങ്കിക്ക് അടിയിൽ പെട്ട ശരത്തിന് നീന്തി രക്ഷപ്പെടാനായില്ല. 30 മീറ്റർ താഴെ നിന്ന് ശരത്തിനെ പൊക്കിയെടുത്ത് കരയ്‌ക്കെത്തിച്ചെങ്കിലും മരിച്ചു.
ഇന്ന് രാവിലെ ഒഴുക്കിൽ പെട്ട് കാണാതായ മാടാമൺ ചൂരപ്‌ളാക്കൽ ശിവനെ ( 55) തിരയുകയായിരുന്നു സംഘം. പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലത്താണ് ഡിങ്കി മുങ്ങി അപകടമുണ്ടായത്. തല ശക്തിയായി പാറക്കെട്ടിൽ ഇടിച്ചതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം റാന്നി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ശിവന് വേണ്ടിയുള്ള തെരച്ചിൽ ഫയർ ഫോഴ്‌സ് അവസാനിപ്പിച്ചു.