ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് സ്റ്റേഷന്റെ മുകൾ നിലയിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. കോഴിക്കോട് ഉണ്ണികുളത്ത് കുട്ടിയെ പീഡിപ്പിച്ച 32 കാരനായ നെല്ലിപ്പറമ്പിൽ രതീഷ് ആണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പരുക്കേറ്റ രതീഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. റൂറൽ എസ്പി, പി.എ ശ്രീനിവാസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോൾ സ്‌റ്റേഷനിലുണ്ടായിരുന്നു. ഇന്നലെയാണ് കോഴിക്കോട് ഉണ്ണികുളത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിലാകുന്നത്. 24 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
സ്വകാര്യ ഭാഗത്ത് മാരകമായി മുറിവേറ്റ പെൺകുട്ടി അബോധാവസ്ഥയിലായതിനാൽ പൊലീസിന് മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. പെൺകുട്ടിയുടെ അച്ഛന്റെയും സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തി. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കൽ ക്വാറിയിൽ പണിയെടുക്കുന്നവരാണ് നേപ്പാളി സ്വദേശികളായ പെൺകുട്ടിയുടെ രക്ഷിതാക്കൾ.