അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മുപ്പതുകോടി സ്വന്തമാക്കി മൂന്നുമലയാളി സുഹൃത്തുക്കൾ. കുവൈത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി നോബിൻ മാത്യു, കൂടെ ജോലി ചെയ്യുന്ന മലയാളികളായ പ്രമോദ് മാട്ടുമ്മൽ, മിനു തോമസ് എന്നിവർക്കാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 30 കോടിയിലേറെ രൂപ (15 ദശലക്ഷം ദിർഹം) ലഭിച്ചത്.
കഴിഞ്ഞ മാസവും ടിക്കറ്റെടുത്തെങ്കിലും സമ്മാനം ലഭിച്ചില്ല. അതിനാൽ തന്നെ ഇനി കാശുകളഞ്ഞുള്ള ഈ പരിപാടിക്കില്ലെന്ന് 38കാരനായ നോബിൻ തീരുമാനിച്ചിരുന്നു. ഇത് അവസാനത്തെ പരീക്ഷണമാണെന്ന് നോബിൻ അവരോട് പറയുകയും ചെയ്തു. എന്നാൽ സുഹൃത്തുക്കൾ നിർബന്ധിച്ചതോടെ നോബിനും ടിക്കറ്റെടുക്കാൻ സഹകരിക്കുകയായിരുന്നു.
രാവിലെ ബിഗ് ടിക്കറ്റ് അധികൃതർ സമ്മാനവിവരമറിയിക്കാൻ വിളിച്ചപ്പോൾ ഞെട്ടിപ്പോയതായി നോബിൻ പറയുന്നു. ഒക്ടോബർ 17നായിരുന്നു സമ്മാനം ലഭിച്ച ടിക്കറ്റ് നോബിനും സുഹൃത്തുക്കളുമെടുത്തത്. 2007ൽ കുവൈത്തിൽ ജോലിയിൽ പ്രവേശിച്ച നോബിൻ ഭാര്യയോടും അഞ്ച് വയസുകാരൻ മകനോടുമൊപ്പമാണ് താമസം. വളരെ ബുദ്ധിമുട്ടുകളനുഭവിച്ചാണ് ഞാൻ ജീവിച്ചിരുന്നത്. നിരവധി കമ്പനികളിൽ മാറി മാറി ജോലി ചെയ്യേണ്ടി വന്നു. ഒടുവിൽ വിജയം ലഭിച്ചു. നോബിൻ പറഞ്ഞു.