Alert: You are not allowed to copy content or view source
പ്രതീക്ഷകള്‍ക്ക് വിരാമം:സാംസങ് ഗ്യാലക്‌സി എസ് 8 ഇന്ത്യയില്‍ | 24newslive.com

പ്രതീക്ഷകള്‍ക്ക് വിരാമം:സാംസങ് ഗ്യാലക്‌സി എസ് 8 ഇന്ത്യയില്‍

img

സാംസങിന്റെ ഫ്‌ലാഗ്ഷിപ് മോഡലായ എസ് 8, എസ് 8 പ്ലസ് എന്നിവ ഇന്ത്യന്‍ വിപണയിലെത്തി. മുന്‍ഗാമിയുടെ പോരായ്മകളെല്ലാം രണ്ട് മോഡലുകളിലും പരിഹരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ന്യൂഡല്‍ഹില്‍ നടന്ന ചടങ്ങിലാണ് രണ്ട് ഹാന്‍ഡ്‌സെറ്റുകളും അവതരിപ്പിച്ചത്. 5.9 ഇഞ്ച് സ്‌ക്രീന്‍ വേര്‍ഷന്‍ എസ്8, 6.2 ഇഞ്ച് സ്‌ക്രീന്‍ വേര്‍ഷന്‍ എസ് 8 പ്ലസ് എന്നി രണ്ടു ഹാന്‍ഡ്‌സെറ്റുകളും വലിയ പ്രതീക്ഷകളുമായാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

കൃഷ്ണമണി, വിരലടയാളം, മുഖം എന്നീ ത്രിതല സുരക്ഷാ സംവിധാനങ്ങളുള്ള ഫോണുകള്‍ ഞെട്ടിക്കുമെന്നാണ് ടെക് ലോകം പറയുന്നത്. യുഎസ്, ദക്ഷിണ കൊറിയ വിപണികളില്‍ മൂന്നാഴ്ച മുമ്പ് എസ് 8 എത്തിയിരുന്നു. അമേരിക്കയിലെ ലോഞ്ചിങ് ചടങ്ങിനിടെ ബിക്സ്ബൈ എന്ന വോയ്സ് അസിസ്റ്റന്റും സാംസങ് പുറത്തിറക്കി. ആപ്പിളിന്റെ സിരി, ഗൂഗിള്‍സ് അസിസ്റ്റന്റ് എന്നിവക്ക് വെല്ലുവിളിയാകാന്‍ പോന്നതാണ് ബിക്സ്ബൈ.
രണ്ടു വേരിയന്റുകളിലെയും ഫീച്ചറുകള്‍ ഏകദേശം ഒരു പോലെയാണ്. രണ്ട് സിം കാര്‍ഡ് ഉപയോഗിക്കാം. ബാറ്ററി ശേഷി, സ്‌ക്രീന്‍ വലിപ്പം തുടങ്ങിയവയിലേ പ്രകടമായ വ്യത്യാസമുള്ളൂ. ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണം ഇരു മോഡലുകള്‍ക്കുമുണ്ട്. നാല് ജിബിയാണ് റാം. 64 ജിബി മെമ്മറി ഫോണിനൊപ്പമുണ്ട്. ഇത് 256 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡിട്ട് വര്‍ധിപ്പിക്കാം. രണ്ട് ഫോണുകളിലെയും പിന്‍ ക്യാമറ 12 മെഗാപിക്‌സലാണ്. മള്‍ട്ടി ഫ്രെയിം പ്രൊസസിങ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, 1.7 അപര്‍ച്ചര്‍ എന്നിവ ക്യാമറയുടെ പ്രത്യേകതകളാണ്. 8 എംപി ഓട്ടോ ഫോക്കസുണ്ട് സെല്‍ഫി ക്യാമറയ്ക്ക്.

വെള്ളത്തില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നും ഫോണിനെ രക്ഷിക്കുന്ന ക്യുഎച്ച്ഡി സ്‌ക്രീനാണ് ഫോണിന്. സുരക്ഷ ഉറപ്പാക്കാനായി ഐറിസ് സ്‌കാനര്‍, ഫേസ് റെക്കഗ്‌നേഷന്‍, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നീ സംവിധാനങ്ങളുമുണ്ട്. 4ജി കണക്ഷന്‍ ഉപയോഗിക്കാം. വൈഫൈ, ബ്ലുടൂത്ത്, യുഎസ്ബി, ജിപിഎസ്, എന്‍എഫ്‌സി തുടങ്ങി ഒട്ടുമിക്ക കണക്റ്റിവിറ്റി സംവിധാനങ്ങളുമുണ്ട്.
അധികമൂല്യങ്ങള്‍ വേണ്ടവരെ ഉദ്ദേശിച്ച് പലതരം സൗകര്യങ്ങളാണ് ഫോണില്‍ ചേര്‍ത്തിട്ടുള്ളത്. ആക്‌സലറോമീറ്റര്‍, ലൈറ്റ് സെന്‍സര്‍, ബാരോമീറ്റര്‍, ഹൃദയമിടിപ്പ് സെന്‍സര്‍, മാഗ്‌നോമീറ്റര്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. അതിവേഗത്തില്‍ ബാറ്ററി ഫുള്‍ചാര്‍ജ് ചെയ്യാവുന്ന വയര്‍ലെസ് ചാര്‍ജിങ് ഇരു മോഡലുകളുടെയും പ്രത്യേകതയാണ്. എസ്8ന് 3000 എംഎഎച്ചും എസ് 8 പ്ലസിന് 3500 എംഎഎച്ചുമാണ് ബാറ്ററി ശേഷി. യഥാക്രമം 155 ഗ്രാം, 173 ഗ്രാം എന്നിങ്ങനെയാണ് ഫോണിന്റെ ഭാരം.

എസ്8, എസ്8 പ്ലസ് ഹാന്‍ഡ്‌സെറ്റുകളിലെ ഡേറ്റ ഡൗണ്‍ലോഡിങ് വേഗം അദ്ഭുതപ്പെടുത്തുന്നതാണ്. രണ്ടു ഫോണുകളിലെയും ഡേറ്റ ഡൗണ്‍ലോഡിങ് വേഗം ജിഗാബൈറ്റ് എല്‍ടിഇ-ക്ലാസ് ആണ്. സ്നാപ്ഡ്രാഗണ്‍ 835 പ്രൊസസറാണ് അതിവേഗ ഡേറ്റയ്ക്കു പിന്നിലെ രഹസ്യം. സെക്കന്‍ഡില്‍ ഒരു ജിബി ഡേറ്റയാണ് ഫോണിലെത്തുക. മികച്ച ബ്രൗസിങ് സ്പീഡ്, വെര്‍ച്വല്‍ റിയാലിറ്റിക്കുള്ള 360 ഡിഗ്രി വിഡിയോയുടെ നല്ല സ്ട്രീമിങ് തുടങ്ങിയവയാണ് വേഗത്തിന്റെ ഗുണങ്ങള്‍. പക്ഷേ നെറ്റ്‌വര്‍കിന്റെ പോരായ്മകള്‍ പരിഹരിക്കപ്പെടും വരെ സെക്കന്‍ഡില്‍ 300 എംബി വച്ചേ കിട്ടുള്ളൂ എന്നാണ് ഗാഡ്ജറ്റ് വിദഗ്ധര്‍ പറയുന്നത്.
ഗാലക്സി എസ്8ന് ഇന്ത്യയിലെ വില 57,900 രൂപയാണ്. എസ്8 പ്ലസിന് 64,900 രൂപയും. കറുപ്പ്, പവിഴ നീല. മാപ്പിള്‍ ഗോള്‍ഡ് നിറങ്ങളില്‍ എസ്8 പ്ലസ് ലഭ്യമാണ്. കറുപ്പ്, മാപ്പിള്‍ ഗോള്‍ഡ് നിറങ്ങളിലേ എസ്8 കിട്ടൂ. അമേരിക്കയില്‍ കിട്ടുന്നതിനേക്കാള്‍ കൂടിയ വിലയാണ് ഇന്ത്യയില്‍ ഈടാക്കുന്നത്. യുഎസില്‍ 46,700 (720 ഡോളര്‍) രൂപയ്ക്ക് എസ്8, 54,500 (840 ഡോളര്‍) രൂപയ്ക്ക് എസ്8 പ്ലസ് ഫോണുകള്‍ കിട്ടും

TAGS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments

LIKE US