ചെന്നൈ: ഒഴുക്കില്‍പെട്ട യുവാക്കളെ ഉടുത്തിരുന്ന സാരി അഴിച്ചെറിറിഞ്ഞുകൊടുത്ത് മൂന്നംഗസ്ത്രീ സംഘം രക്ഷപ്പെടുത്തി. തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടില്‍ കാല്‍ വഴുതിവീണ നാല് യുവാക്കളില്‍ രണ്ട് പേരെയാണ് സ്ത്രീകള്‍ സാരി എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്തിയത്. സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്.
ക്രിക്കറ്റിന് ശേഷം കുളിക്കാനായി അണക്കെട്ടിലെത്തിയ പന്ത്രണ്ടംഗ സംഘത്തിലെ നാല് യുവാക്കളാണ് അപകടത്തില്‍ പെട്ടത്. ആഴം കൂടുതലാണ് എന്ന് സ്ത്രീകള്‍ പറഞ്ഞിരുന്നെങ്കിലും ഡാമിനടുത്ത് നിന്നിരുന്ന സംഘത്തിലെ നാലുപേര്‍ അബദ്ധത്തില്‍ കാല്‍വഴുതി അണക്കെട്ടില്‍ വീഴുകയായിരുന്നു.
മറ്റൊന്നും ചിന്തിക്കാതെ സ്ത്രീകള്‍ ഉടുത്തിരുന്ന സാരി അഴിച്ച് യുവാക്കള്‍ക്ക് എറിഞ്ഞ് കൊടുത്തു. രണ്ട് യുവാക്കള്‍ സാരിയില്‍ പിടിച്ച് രക്ഷപ്പെട്ടു. രണ്ടുപേര്‍ വെള്ളത്തില്‍ മുങ്ങിപ്പോയതായാണ് വിവരം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് പേരമ്പല്ലൂരില്‍.
അതിനാല്‍ ഡാമിലെ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിരുന്നു.