പത്തനംതിട്ട: നഴ്‌സുമാരെയും അറ്റൻഡർമാരെയും ലാബ്‌ടെക്‌നീഷ്യൻമാരെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പരാതി നൽകി നഴ്‌സിങ് സംഘടനകൾ.
നഴ്സ്സ്, ലാബ് ടെക്നിഷ്യൻ, അറ്റെന്റർ ഇവരൊന്നും മെഡിക്കൽ ഫീൽഡിൽ ഒരു ഉണ്ടയുമല്ല എന്നത് സമൂഹം മറക്കുന്നതായി
കണ്ണൻ സി അമേരിക്ക എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുള്ള വീഡിയോയിൽ പറയുന്നു.
അർഹതയുളളവരെ സമൂഹം അംഗീകരിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് കണ്ണന്റെ വീഡിയോ തുടങ്ങുന്നത്. ഇതിന് ഉദാഹരണമാണ് മെഡിക്കൽ രംഗത്ത് നേഴ്സുമാർക്ക് കിട്ടുന്ന പരിഗണന. ഡോക്ടർമാരുടെ കഷ്ടപ്പാടിനെ ആരും കാണുന്നില്ല. വിദേശത്ത് ആരും മക്കളെ നേഴ്സിങ് പഠിപ്പിക്കില്ല. അത്രയും കൊള്ളരുതാത്ത ജോലിയാണ് നഴ്‌സിന്റേത്. ലാബ് ടെക്നീഷ്യന്മാരുടെ ചിന്ത ജനിതക എൻജിനിയർമാരാണെന്നാണ്.
ആശുപത്രികളിലെ അറ്റൻഡർമാരുടെ പ്രവവർത്തനം ഐഎഎസുകാരെ പോലെയാണ്.
നേഴസുമാരെ വെറുതെ പൊക്കി പിടിക്കുകയാണ്. രോഗം കണ്ടെത്തുന്നതും ഏത് മരുന്ന്‌കൊടുക്കണമെന്ന് തീരുമാനിക്കുന്നതും ഡോക്ടറാണ്. എത്ര അളവിൽ മരുന്ന് നൽകണമെന്നും ഡോക്ടർ പറയുന്നു. ഇത് എടുത്തു കൊടുക്കുന്ന പണി മാത്രമാണ് നഴ്സുമാരുടേത്. എന്നിട്ടും കോവിഡ്ക്കാലത്ത് നേഴ്സുമാരെ അരിയും പൂവും ഇട്ട് സ്വീകരിക്കുന്നു. നഴ്‌സുമാർക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ല. ഡോക്ടർമാരും പൊരിവെയിലത്ത് ജോലിയെടുക്കുന്ന പൊലീസുകാരും കൊറോണക്കാലത്ത് വലിയ സേവനമാണ് ചെയ്യുന്നത്.
ആർക്കും അറ്റൻഡറാകാം. ആശുപത്രിയിൽ തൂക്കുക, കക്കൂസ് കഴുകുക, ഛർദ്ദിൽ വാരുക എന്നിവയാണ് അറ്റൻഡർ ചെയ്യുന്നത്. അവർക്കും അനാവശ്യമായ പ്രോത്സാഹനമാണ് നൽകുന്നത്. നഴ്സുമാരെ സേവനത്തിന്റെ മാലാഖമാർ എന്നാണ് പറയുന്നന്നത്. ചുരുങ്ങിയ ചെലവിൽ ആർക്കും നേഴ്സിങ് പഠിക്കാം. നഴ്‌സിങ് പഠിപ്പിക്കുന്ന സ്വകാര്യ കോളേജുകൾ വളരെയധികമുണ്ട്. സ്വകാര്യ കോളേജ് മാനേജ്മെന്റിന്റെ പരസ്യമായിരുന്നു സേവനത്തിന്റെ മാലാഖമാരാകാൻ പഠിക്കാം എന്നത്. ഈ പരസ്യവാചകത്തെ ഇപ്പോഴും അറിവില്ലായ്മ കൊണ്ട് പൊക്കിപിടിച്ച് നടക്കുകയാണ്.
ഡോക്ടറിന്റെ കുറിപ്പടി നോക്കി മരുന്ന് എടുത്തു കൊടുക്കുന്ന വെറും ഹെൽപ്പർ മാത്രമാണ് നേഴ്സ്. അധികം വിദ്യാഭ്യാസമൊന്നും അവർക്കില്ല. നേഴ്സും ലാബ് ടെക്നീഷ്യനും അറ്റൻഡറും വലിയ തസ്തികയെന്നാണ് എല്ലാവരുടെയും വിചാരം. അവർ തമ്പുരാന്മാരോ തമ്പുരാട്ടിമാരോ അല്ല. ആതുര സേവനത്തിന്റെ മാലാഖമാർ എന്നത് കച്ചവടത്തിന്റെ ഭാഗമായുള്ള പരസ്യമാണ്.
പ്ലസ് ടു കഴിഞ്ഞാൽ ജനറൽ നഴ്സിങ് പഠിക്കാം. കൂടുതൽ പഠിച്ച് അദ്ധ്യാപകരും മറ്റും ആകാൻ കഴിയില്ലെന്ന് ഉറപ്പായവരാണ് നഴ്‌സിങ് പഠിക്കാൻ പോകുന്നത്. വിദേശത്ത് ജോലി സാധ്യതയുണ്ട്. കാരണം വിദേശത്ത് ആരും മക്കളെ നഴ്‌സിങ്ങിന് വിടില്ല. വിദേശ ജോലി ആഗ്രഹിച്ചാണ് പലരും നഴ്സിങ് പഠിക്കുന്നത്. പാവാട വിസയ്ക്കായി ഇവരെ വിവാഹം ചെയ്യുന്നവരുമുണ്ട്. വിദേശത്തെ അടിമപ്പണിയാണ് ഇവർ ചെയ്യുന്നത്. അതുകൊണ്ടാണ് വിദേശത്ത് എത്തുന്ന നഴ്സുമാർ ആരും നാട്ടിലേക്ക് തിരിച്ചു വരാത്തതെന്ന് ഇയാൾ വീഡിയോയിൽ ആക്ഷേപിക്കുന്നു.