റേഡിയോയുടെ ശബ്ദത്തെ ചൊല്ലി തർക്കം, ചേട്ടൻ അനുജനെ ഇരുമ്പുകമ്പികൊണ്ട് അടിച്ചുകൊന്നു

0
610

തിരുവനന്തപുരം: റേഡിയോ വെയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ചേട്ടൻ അനുജനെ തലയ്ക്കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

അരുവിക്കര കാച്ചാണിയിലെ ബിസ്മി നിവാസിൽ സമീർ ( 27) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഹിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജ്യേഷ്ഠനും അനുജനും തമ്മിൽ റേഡിയോ വയ്ക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. സമീർ റേഡിയോ നിർത്തിയത് ഹിലാലിന് ഇഷ്ടപ്പെട്ടില്ല.

ഇരുവരും തമ്മിലുള്ള വാക്തർക്കം മൂർച്ഛിച്ചതോടെ മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ രാത്രി ഹാളിൽ ഉറങ്ങുകയായിരുന്ന സമീറിനെ ഹിലാൽ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടൻ പേരൂർക്കട ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരങ്ങൾ തമ്മിൽ മുമ്പേ റേഡിയോ വെയ്ക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഹിലാൽ പതിവായി റേഡിയോ ഉച്ചത്തിൽ വെയ്ക്കുന്നത് സമീറിന് ഇഷ്ടമായിരുന്നില്ല. ഇന്നലെയും ഇയാൾ റേഡിയോ ഉയർന്ന ശബ്ദത്തിൽ വെച്ചു. ഇതിഷ്ടപെടാത്ത സമീർ റേഡിയോ നിർത്തി. മാതാപിതാക്കൾ പ്രശ്‌നം പരിഹരിച്ചെങ്കിലും രാത്രി സമീർ കിടന്നുറങ്ങുമ്പോൾ ഹിലാൽ ഇരുമ്പുപൈപ്പുകൊണ്ട് തലയ്ക്കടിക്കുകയിരുന്നു.

കൊലപാതകം നടന്ന സമയത്ത് സമീറും ഹിലാലും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് സമീറിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പുലർച്ചയോടെ സമീർ മരിച്ചു. ചേട്ടൻ ഹിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. സമീറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here