കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാൻ സെമിത്തേരിയിലെത്തിയപ്പോൾ പെട്ടിയിൽ മൃതദേഹമില്ല. പനിയെത്തുടർന്ന് കഴിഞ്ഞദിവസം ചേരാനല്ലൂർ ആസ്റ്റർ മെഡിസിറ്റിയിൽ മരിച്ച കടമക്കുടി കോതാട് സ്വദേശിയായ പ്രിൻസിന്റെ മൃതദേഹമാണ് പെട്ടിയിലാക്കാൻ മറന്നത്.
മരണശേഷം നടത്തിയ പരിശോധനയിലാണ് പ്രിൻസിന് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രിൻസിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ നാലുപേരാണ് മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലെത്തിയത്. മൃതദേഹം വയ്ക്കാനായി പെട്ടി ആശുപത്രി അധികൃതരെ ഏൽപ്പിക്കുകയും ചെയ്തു. മൃതദേഹം കൊണ്ടുപോകാൻ അനുവദിച്ചതോടെ ഇവർ പെട്ടിയുമായി സംസ്‌കാര ചടങ്ങുകൾ നടക്കുന്ന കോതാട് തിരുഹൃദയ പള്ളിയിലെത്തി.
തുടർന്ന് സംസ്‌കാര ചടങ്ങുകൾക്കായി തുറന്നപ്പോഴാണ് പെട്ടിയിൽ മൃതദേഹമില്ലെന്ന് മനസിലായത്. പെട്ടെന്ന് അതേ ആംബുലൻസിൽ ആശുപത്രിയിലെത്തി മൃതദേഹം സെമിത്തേരിയിലെത്തിക്കുകയായിരുന്നു. മൃതദേഹം കൊണ്ടുപോയില്ലെന്ന് അറിഞ്ഞതോടെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആംബുലൻസ് ഡ്രൈവറെ പെട്ടിയിൽ മൃതദേഹമില്ലെന്ന് പറഞ്ഞെങ്കിലും അപ്പോഴേക്കും പെട്ടി തുറന്നിരുന്നു. അരമണിക്കൂറിനുള്ളിൽ പ്രിൻസിന്റെ മൃതദേഹം പളളിയിലെത്തുകയും പിന്നീട് സംസ്‌ക്കാരം നടത്തുകയുമായിരുന്നു.