കൊച്ചി: കർണാടകയിൽ വച്ച് കോവിഡ് സ്ഥിരീകരിച്ച മലയാളി നടി കോവിഡ് പ്രോട്ടോക്കോൾ മറികടന്ന് കേരളത്തിൽ തിരിച്ചെത്തിയതായി ആരോപണം. ഒക്ടോബർ 20ന് കർണാടകയിൽ വെച്ച് കോവിഡ് പോസറ്റീവായ ഇരുപതുകാരിയായ നടിയാണ് പിറ്റേ ദിവസം തന്നെ കൊച്ചിയിലെത്തിയതായി വ്യക്തമായത്. ഐ.സി.എം.ആർ മാർഗ്ഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് നടി നാട്ടിൽ തിരിച്ചെത്തിയത്.
കൊച്ചിയിലെത്തിയ നടി സ്വകാര്യ ലാബിൽ കോവിഡ് പരിശോധനയ്ക്ക് വിധേയയാവുകയും പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തു. അതേസമയം കോവിഡ് സ്ഥിരീകരിച്ചയാൾ പത്ത് ദിവസത്തിന് ശേഷമെ അടുത്ത പരിശോധനയ്ക്ക് വിധേയയാകാവൂ എന്നാണ് ഐ.സി.എം.ആറിന്റെ മാർഗ്ഗനിർദ്ദേശം. കോവിഡ് പോസിറ്റീവായ വ്യക്തി അനുമതിയില്ലാതെ യാത്ര ചെയ്തെന്ന് മാത്രമല്ല, ഐ.സി.എം.ആർ ചട്ടങ്ങൾക്ക് വിരുദ്ധമായി പരിശോധന നടത്തുകയും ചെയ്തു.
കർണാടകയിൽ വച്ച് ഒക്ടോബർ 19നാണ് നടി കോവിഡ് ടെസ്റ്റിന് വിധേയയാത്.
എന്നാൽ പിറ്റേന്ന് നടി കൊച്ചിയിലേക്ക് തിരിച്ചു. കൊച്ചിയിലെത്തിയ അവർ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയയായി. എന്നാൽ ഫലം നെഗറ്റീവാണ്.