ചെന്നൈ: മൊബൈൽഫോൺ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അമ്മയും രണ്ടു കുട്ടികളും പൊള്ളലേറ്റ് മരിച്ചു. ചെന്നൈയിലെ കരൂർ റായന്നൂരിലെ മുത്തുലക്ഷ്മി (29), രക്ഷിത് (4), ദീക്ഷിത് (2) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ചാർജ് ചെയ്യാൻ പ്ലഗിൽ കുത്തിയിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീടിനുള്ളിലെ സോഫയിലേക്കും ക്രമേണെ മറ്റ് ഭാഗങ്ങളിലേക്കും തീ പടരുകയായിരുന്നു. കുട്ടികളുടെയും മുത്തുലക്ഷ്മിയുടെയും നിലവിളികേട്ട് അയൽക്കാർ ഓടിയെത്തി വാതിൽ ചവിട്ടി പൊളിച്ചുവെങ്കിലും മുത്തുലക്ഷ്മി മരിച്ചിരുന്നു. കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൊബൈലിൽ പൂർണമായി ചാർജ് കയറിയതിനുശേഷവും സ്വിച്ച് ഓഫാക്കാത്തതാണ്പൊട്ടിത്തെറിക്ക് കാരണമായെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.
മുത്തുലക്ഷ്മിയുടെ ഭർത്താവ് ബാലകൃഷ്ണൻ ഇപ്പോൾ ഇവരുടെ കൂടെയല്ല താമസിക്കുന്നതെന്ന് അയൽക്കാർ പറഞ്ഞു. വീട് നിർമ്മാണത്തിന് വായ്പ വാങ്ങിയ പണം കൊടുക്കാനാകാത്തതിലാണ് മാറിനിൽക്കുന്നതെന്ന് അയൽക്കാർ പറയുന്നു.