പ്രസംഗത്തിനിടെ കേന്ദ്രമന്ത്രി വേദിയില്‍ തളര്‍ന്നുവീണു

24 April, 2024

ബുധനാഴ്ച മഹാരാഷ്ട്രയിലെ യവത്മാലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി വേദിയില്‍ തളര്‍ന്നുവീണു. ഉടന്‍ തന്നെ ഗഡ്കരിയെ ചികിത്സയ്ക്കായി കൊണ്ടുപോയി.

യവത്മാലിലെ പുസാദില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഗഡ്കരി പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.  പാര്‍ട്ടി അംഗങ്ങള്‍ വേഗത്തിലുള്ള നടപടി സ്വീകരിച്ചു. ഉടന്‍ തന്നെ പിടിക്കുകയും വൈദ്യസഹായം ഉറപ്പുവരുത്തുകയും ചെയ്തു.

മന്ത്രി തന്നെ കുറച്ച് സമയത്തിന് ശേഷം എക്സില്‍ പോസ്റ്റുമായി രംഗത്തെത്തി. തന്റെ ക്ഷേമം അറിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രദേശത്തെ ചൂടുകാരണം തനിക്ക് അബോധാവസ്ഥ അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

'മഹാരാഷ്ട്രയിലെ പുസാദില്‍ നടന്ന റാലിക്കിടെ ചൂട് കാരണം എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. അടുത്ത മീറ്റിംഗില്‍ പങ്കെടുക്കാന്‍ വരൂദിലേക്ക് പോകുകയാണ്. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി,' നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു.

യവത്മാല്‍-വാഷിം ലോക്സഭാ സീറ്റില്‍ നിന്നുള്ള ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്റെ നോമിനിയായ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നേതാവ് രാജശ്രീ പാട്ടീലിനായി ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന നാഗ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗഡ്കരി പ്രചാരണത്തിലായിരുന്നു.

മഹാരാഷ്ട്രയിലെ ബുല്‍ധാന, അകോല, അമരാവതി, വാര്‍ധ, ഹിംഗോലി, നന്ദേഡ്, പര്‍ഭാനി എന്നിവയ്ക്കൊപ്പം യവത്മാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26, വെള്ളിയാഴ്ച വോട്ട് ചെയ്യും.

മഹാരാഷ്ട്രയുടെ കിഴക്കന്‍-മധ്യമേഖലയിലെ വിദര്‍ഭയില്‍ സ്ഥിതി ചെയ്യുന്ന യവത്മാല്‍, തീവ്രമായ ഉഷ്ണതരംഗ സാഹചര്യങ്ങളാല്‍ പൊറുതിമുട്ടുകയാണ്. വരും ദിവസങ്ങളില്‍ മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളിലും കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Comment

Editor Pics

Related News

രാജീവ് ഗാന്ധി വധത്തെപ്പറ്റി ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു; നമിത് വര്‍മ്മ
രോഹിത് വെമുല ജീവനൊടുക്കിയത് ജാതി പുറത്തറിയുമെന്ന് ഭയന്ന്; കേസവസാനിപ്പിച്ച് പൊലീസ്
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രാജി; സര്‍വ്വേയില്‍ ഭൂരിപക്ഷം
കൊവാക്‌സില്‍ സുരക്ഷിതം, പാര്‍ശ്വഫലങ്ങളില്ല; ഭാരത് ബയോടെക്