അമ്മ താലിമാല ഈ രാജ്യത്തിന് വേണ്ടി ത്യജിച്ചു; പ്രിയങ്ക ഗാന്ധി

24 April, 2024

ന്യൂഡല്‍ഹി: തന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചതെന്നും യുദ്ധകാലത്ത് മുത്തശ്ശി അവരുടെ സ്വര്‍ണാഭരണങ്ങള്‍ രാജ്യത്തിന് വേണ്ടി നല്‍കിയെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'താലിമാല' (മംഗല്യസൂത്ര) പരാമര്‍ശത്തിനെതിരേ സംസാരിക്കുകയായിരുന്നു അവര്‍. 

രാജ്യം സ്വതന്ത്രമായിട്ട് 70 വര്‍ഷം കഴിഞ്ഞു. 55 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചു. ആര്‍ക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി ബെംഗളൂരുവില്‍ ചോദിച്ചു. എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് എന്റെ മുത്തശ്ശി അവരുടെ സ്വര്‍ണാഭരണങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് നല്‍കിയതെന്നും പ്രിയങ്ക ബെംഗളൂരുവില്‍ പറഞ്ഞു.

കഴഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ മോദിയില്‍നിന്ന് കേട്ടത് വികസനത്തെ കുറിച്ചോ, ജനങ്ങളുടെ പുരോഗതിയെ കുറിച്ചോ ആയിരുന്നില്ല. പകരം വിദ്വേഷ പരാമര്‍ശങ്ങളായിരുന്നു. ഇത്തവണ നാനൂറ് സീറ്റ് തികയ്ക്കുമെന്നും ഭരണഘടന മാറ്റുമെന്നുമാണ് മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

വോട്ടെടുപ്പിന്റെ രണ്ടാംഘട്ടത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. മുന്‍പ് കോണ്‍ഗ്രസ് അധികാരത്തില്‍വന്നപ്പോള്‍ രാജ്യത്തിന്റെ പൊതുസ്വത്തില്‍ ആദ്യ അവകാശം മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞിരുന്നെന്നും അതിനിര്‍ഥം അവര്‍ ഈ സ്വത്തുക്കള്‍ മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് വിതരണം ചെയ്യുമെന്നാണെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. മാത്രമല്ല, അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും മോദി പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി. മോദിയുടെ വിദ്വേഷ പ്രസംഗത്തെ പിന്തുണച്ചുകൊണ്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.


Comment

Editor Pics

Related News

ലെഗ്ഗിങ്‌സിലും ജാക്കറ്റിലും 25 കിലോ സ്വര്‍ണം; നയതന്ത്ര ഉദ്യോഗസ്ഥ പിടിയില്‍
കത്തോലിക്കാ വൈദികന്‍ വെടിയേറ്റ് മരിച്ചു
രാജീവ് ഗാന്ധി വധത്തെപ്പറ്റി ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു; നമിത് വര്‍മ്മ
രോഹിത് വെമുല ജീവനൊടുക്കിയത് ജാതി പുറത്തറിയുമെന്ന് ഭയന്ന്; കേസവസാനിപ്പിച്ച് പൊലീസ്