തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ട്രംപ് വ്യാഴാഴ്ച ജയിലിൽ കീഴടങ്ങും

23 August, 2023

വാഷിം​ഗ്ടൺ ഡിസി: തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ വിചാരണ നേരിടാൻ സ്വയം കീഴടങ്ങുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച അറ്റ്‍ലാന്റ ജയിലിൽ സ്വയം കീഴടങ്ങുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസുമായി നടത്തിയ ചർച്ചയിൽ ബോണ്ടും റിലീസ് വ്യവസ്ഥകളും അംഗീകരിച്ചതിനെ തുടർന്നാണ് കീഴടങ്ങുമെന്ന ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ കീഴടങ്ങുന്ന സമയം പരാമർശിച്ചിട്ടില്ല.

നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ സാധിക്കുമോ? ഞാൻ വ്യാഴാഴ്ച ജോർജിയയിലെ അറ്റ്ലാന്റയിലേക്ക് പോകുകയാണ്, കീഴടങ്ങാനായി എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ട്രംപ് കീഴടങ്ങുമ്പോൾ റൈസ് സ്ട്രീറ്റ് ജയിലിന് ചുറ്റുമുള്ള പ്രദേശത്ത് ലോക‍്ഡൗൺ ഉണ്ടാകുമെന്ന് ഫുൾട്ടൺ കൗണ്ടി പ്രാദേശിക ഭരണകൂട ഓഫിസ് വ്യക്തമാക്കിയിരുന്നു. 98 പേജുള്ള കുറ്റപത്രത്തിൽ 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങളുമായി ബന്ധപ്പെട്ട് ട്രംപിനും മറ്റ് 18 പേർക്കുമെതിരെ 41 ക്രിമിനൽ കേസുകളാണ് ചുമത്തിയിരിക്കുന്നത്.

ഗ്രാൻഡ് ജൂറിമാർക്ക് നേരെയുള്ള ഭീഷണികളും ജോർജിയ അധികാരികൾ അന്വേഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കുറ്റത്തിന് 2,00,000 ഡോളറിന്റെ ബോണ്ടും സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണി പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ട്രംപിന്റെ അറ്റോർണിമാരും ഫുൾട്ടൺ ഡിസ്ട്രിക്റ്റ് അറ്റോർണി ഫാനി വില്ലിസും ഒപ്പിട്ട ബോണ്ടിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും നീതി തടസപ്പെടുത്തുന്നതിനുമുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ വിടുതൽ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജോർജിയ റിക്കോ ആക്റ്റ് ലംഘിച്ചിട്ടുള്ളതിനാലാണ് പിഴത്തുക വർധിപ്പിച്ചത്. കേസിലെ വസ്തുതകളെക്കുറിച്ച് ട്രംപ് തന്റെ അഭിഭാഷകൻ മുഖേനയല്ലാതെ അറിയാവുന്ന ഒരു വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തരുതെന്നും നിബന്ധനയുണ്ട്. ഈ മാസം 25 ഉച്ചവരെയാണ് ട്രംപിനും അദ്ദേഹത്തിന്റെ 18 കൂട്ടുപ്രതികൾക്കും ഹാജരാകാൻ ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് നാലിന് വിചാരണ ആരംഭിക്കണമെന്ന് കേ­സിലെ പ്രോസിക്യൂട്ടർമാർ നിർദേശിച്ചു.

അതേസമയം, വിചാരണ നീട്ടാനാണ് ട്രംപിന്റെ ശ്രമം. ട്രംപിനും 18 സഹായികൾക്കുമെതിരെ കഴിഞ്ഞ ആഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. 91 ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയ മൂന്ന് കുറ്റപത്രങ്ങളിലും ജോർജിയ കോടതിയിലും ട്രംപ് കുറ്റം നിഷേധിച്ചിരുന്നു. 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറി, രഹസ്യവിവരം സൂ­ക്ഷിക്കൽ, 2016ലെ തെരഞ്ഞെടുപ്പിൽ പോൺ താരത്തിന് പ­ണം നൽകിയത് തുടങ്ങിയ കു­റ്റ­ങ്ങളാണ് ട്രംപിനുമേൽ ചുമത്തിയിരിക്കുന്നത്.

Comment

Editor Pics

Related News

Al Jazeera English | Live
കാനഡ പി.ആര്‍ ഇനി സ്വപ്‌നമാകുമോ? രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക്‌
കാനഡയില്‍ വീടുകള്‍ക്ക് തീവില; കാരണം കുടിയേറ്റം
സ്റ്റുഡന്റ് വിസയില്‍ പുതിയ പരിഷ്കരണത്തിന് കാനഡ