ഇസ്രയേലില്‍നിന്ന് പൗരന്‍മാര്‍ ഉടനെ മടങ്ങണമെന്ന് ഓസ്ട്രേലിയ

20 April, 2024

കാന്‍ബറ: ഇസ്രയേലില്‍നിന്ന് പൗരന്‍മാര്‍ ഉടനെ മടങ്ങണമെന്ന് ഓസ്ട്രേലിയ. ഇറാനുമായും പാലസ്തീനുമായും സംഘര്‍ഷം കനത്തതോടെയാണ് ഓസ്‌ട്രേലിയ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതയുണ്ടെന്നും ഇസ്രയേലിലും പാലസ്തീനിലുമുള്ള ഓസ്‌ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും മുന്നറിയിപ്പ് നല്‍കി. സുരക്ഷിതത്വം കണക്കിലെടുത്ത് ഉടന്‍ തിരികെ വരണമെന്നാണ് പൗരന്മാര്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ ട്രാവല്‍ അഡൈ്വസ് നല്‍കിയിരിക്കുന്നത്.

ടെല്‍-അവീവിലെ ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷാ ആശങ്കകള്‍ കാരണം ഏത് സമയത്തും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയേക്കും എന്നാണ് അറിയിപ്പില്‍ പറയുന്നത്. ഭീകരവാദ ഭീഷണി, സായുധ സംഘര്‍ഷം, ആഭ്യന്തര പ്രശ്നങ്ങള്‍ എന്നിവ കാരണം സുരക്ഷാ സാഹചര്യം വഷളായതിനാല്‍ ഇസ്രയേലിലേക്കും പാലസ്തീന്‍ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന കാര്യം പുനഃപരിശോധിക്കണമെന്നും ഓസ്ട്രേലിയ ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രയേലിന്റെ ഇറാന്‍ ആക്രമണത്തിനു പിന്നാലെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാന്‍, ഇസ്ഫഹാന്‍, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയെന്ന് ഇറാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇസ്ഫഹാന് സമീപം സ്ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇറാന്‍ നഗരങ്ങളില്‍ വ്യോമ പ്രതിരോധം സജ്ജമാക്കിയതായും ഇര്‍ന അറിയിച്ചു. ഇറാന്റെ ഡ്രോണാക്രമണത്തിന് ഇസ്രയേല്‍ മറുപടി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷ സാധ്യത വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്.


Comment

Editor Pics

Related News

രോഹിത് വെമുല ജീവനൊടുക്കിയത് ജാതി പുറത്തറിയുമെന്ന് ഭയന്ന്; കേസവസാനിപ്പിച്ച് പൊലീസ്
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രാജി; സര്‍വ്വേയില്‍ ഭൂരിപക്ഷം
കൊവാക്‌സില്‍ സുരക്ഷിതം, പാര്‍ശ്വഫലങ്ങളില്ല; ഭാരത് ബയോടെക്
പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്തു, മോദി മാപ്പ് പറയണം; രാഹുല്‍ ഗാന്ധി