നരേന്ദ്രമോദിയുടെ വിവാദപ്രസംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

25 April, 2024

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയോടാണ് വിശദീകരണം തേടിയത്. ഏപ്രില്‍ 29- തിങ്കളാഴ്ച 11 മണിയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു മോദി രാജസ്ഥാനില്‍ പ്രസംഗിച്ചത്. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു. മുസ്ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു.

മുസ്ലീങ്ങളെ ധാരാളം കുട്ടികളുണ്ടാവുന്ന വിഭാഗമെന്നും കോണ്‍ഗ്രസ് വന്നാല്‍ 'കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്' സ്വത്തു വീതിച്ചു നല്‍കുമെന്നുമായിരുന്നു നരേന്ദ്രമോദിയുടെ പരാമര്‍ശം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളും ഒട്ടേറെ വ്യക്തികളും തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു. നടപടി സ്വീകരിക്കാത്തതില്‍ വിമര്‍ശനമുയരുന്നതിനിടെയാണ് കമ്മിഷന്‍ നോട്ടിസ് അയച്ചത്.

രാഹുല്‍ ഗാന്ധിക്കെതിരായ പരാതിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. പ്രസംഗങ്ങളിലൂടെ തെക്ക് - വടക്ക് വിഭജനത്തിനു ശ്രമിച്ചെന്നാണ് രാഹുല്‍ ഗാന്ധിക്കെതിരായ പരാതി. കേരളത്തിലടക്കം പ്രചാരണത്തിനെത്തി രാഹുല്‍ ഇത്തരം പരാമര്‍ശം നടത്തിയെന്നാണ് ബിജെപിയുടെ പരാതി.


Comment

Editor Pics

Related News

ലെഗ്ഗിങ്‌സിലും ജാക്കറ്റിലും 25 കിലോ സ്വര്‍ണം; നയതന്ത്ര ഉദ്യോഗസ്ഥ പിടിയില്‍
കത്തോലിക്കാ വൈദികന്‍ വെടിയേറ്റ് മരിച്ചു
രാജീവ് ഗാന്ധി വധത്തെപ്പറ്റി ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു; നമിത് വര്‍മ്മ
രോഹിത് വെമുല ജീവനൊടുക്കിയത് ജാതി പുറത്തറിയുമെന്ന് ഭയന്ന്; കേസവസാനിപ്പിച്ച് പൊലീസ്