യു .കെയില്‍ ക്യാന്‍സര്‍ ബാധിതയെ അടക്കം പീഢിപ്പിച്ചു, മലയാളി ഡോക്ടര്‍ക്ക് മൂന്നര വര്‍ഷം തടവുശിക്ഷ

15 April, 2024

ക്യാന്‍സര്‍ ബാധിച്ച സ്ത്രീയെ അടക്കം രോഗികളെ ലൈംഗീകമായി ദുരുപയോഗിച്ചതിന് മലയാളി ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷ. 47 വയസ്സുകാരനായ ഡോ. മോഹന്‍ ബാബുവിനാണ് മൂന്നര വര്‍ഷം തടവുശിക്ഷയ്ക്ക്  കോടതി വിധിച്ചത്. 2019 സെപ്റ്റംബറിനും 2021 ജൂലൈയ്ക്കും ഇടയില്‍ ഹാംഷെയറിലെ ഹവന്തില്‍ ഒരു സര്‍ജറിയില്‍ ജോലി ചെയ്യുമ്പോഴാണ് ഇയാള്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തിയത്.

മോഹന്‍ ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിചാരണവേളയില്‍ പ്രോസിക്യൂട്ടര്‍ മുന്നോട്ടു വച്ചത്. ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ച സ്ത്രീയുള്‍പ്പെടെയാണ് ഇയാളുടെ ഇരകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. ചികിത്സയ്ക്കിടെ രോഗികളുടെ സമ്മതമില്ലാതെ പലരെയും ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്ത ഇയാള്‍ രോഗികള്‍ക്ക് ഡോക്ടര്‍ എന്ന നിലയില്‍ തന്റെ മേലുള്ള വിശ്വാസം ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് കോടതി കണ്ടെത്തി.

പ്രധാനമായും മൂന്നു രോഗികളുടെ പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. ഈ മൂന്നുപേരും ഇയാളെ കുറിച്ച് വെവ്വേറെ പരാതികള്‍ നല്‍കുകയായിരുന്നു. പരാതിക്കാരില്‍ ഒരാളോട് അവരുടെ മറുകുകള്‍ പരിശോധിക്കാനാണെന്നും പറഞ്ഞ് ഇയാള്‍ അടിവസ്ത്രം ഊരി മാറ്റാന്‍ ആവശ്യപ്പെട്ടു. പീഡിപ്പിക്കപ്പെട്ടവരില്‍ മാരകമായ ക്യാന്‍സര്‍ ബാധിച്ച രോഗി ഡോ. മോഹനന്‍ ബാബുവിനെ ശിക്ഷ വിധിക്കുന്നതിന് മുമ്പ് മരണമടഞ്ഞിരുന്നു. എന്നിരുന്നാലും മറ്റ് ഇരകള്‍ക്കൊപ്പം അവരുടെ കേസും കോടതി പരിഗണിച്ചു.

മൂന്ന് സ്ത്രീകള്‍ക്കെതിരെയുള്ള നാല് ലൈംഗികാതിക്രമ കേസുകളില്‍ ജൂറി ഇയാളെ ശിക്ഷിച്ചെങ്കിലും മറ്റു രണ്ടു സ്ത്രീകള്‍ക്കെതിരെയുള്ള മൂന്ന് കുറ്റങ്ങളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് എതിരെ ഇതിനു മുന്‍പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നെന്നും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും വിചാരണവേളയില്‍ കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഡോക്ടര്‍ കൂടിയായ ഭാര്യയ്‌ക്കൊപ്പം ജിപി സര്‍ജറിയില്‍ ജോലി ചെയ്യുമ്പോഴാണ് ലൈംഗിക അതിക്രമങ്ങള്‍ ഇയാള്‍ നടത്തിയത് . മോശമായി രോഗികളോട് പെരുമാറുന്നതിനു പുറമേ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും ഇയാള്‍ നടത്തിയിരുന്നു.








Comment

Editor Pics

Related News

പൊതുവിടങ്ങളിലെ മയക്കുമരുന്ന് ഉപയോഗം കുറ്റകരം; പദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ
ഒന്റാരിയോ സ്‌കൂളുകളില്‍ ഇനി സെല്‍ഫോണ്‍ ഉപയോഗിക്കാനാകില്ല; വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സെ
പലസ്തീന് ഐക്യദാര്‍ഡ്യം, പ്രതിഷേധിച്ച് മക്ഗില്ലന്‍ വിദ്യാര്‍ഥികള്‍
ഫുഡ് ബാങ്കിനെപ്പറ്റി വ്‌ളോഗ്, ഇന്ത്യന്‍ വംശജനെ കനേഡിയന്‍ കമ്പനി പുറത്താക്കി