ലോക്‌സഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നാളെ, 5 ജില്ലകളില്‍ നിരോധനാജ്ഞ

25 April, 2024

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നാളെ നടക്കും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ചൂടിലാണ്. അവസാന മണിക്കൂറിലും വിലപ്പെട്ട വോട്ടുകള്‍ സ്വന്തം ചിഹ്നത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടര്‍മാരാണുള്ളത്. നാളെ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്ലാണ് നിരോധനാജ്ഞ. ഏപ്രില്‍ 24-ന് കൊട്ടിക്കലാശം അവസാനിച്ചതോടെ ജില്ലകളില്‍ നിരോധനാജ്ഞ ആരംഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ ഏപ്രില്‍ 27-ന് രാവിലെ ആറുമണിവരെയാണ് നിരോധനാജ്ഞ. എന്നാല്‍ കാസര്‍കോട് ഏപ്രില്‍ 27-ന് വൈകിട്ട് ആറുമണിവരെ നിരോധനം നീളും.

അടിയന്തര ഘട്ടങ്ങളില്‍ നോട്ടീസ് നല്‍കാതെ നിയമ നടപടികള്‍ സ്വമേധയാ ആരംഭിക്കുന്നതിന് അധികാരമുള്ള 1973-ലെ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 144 (2) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ, മലപ്പുറം കളക്ടര്‍ വി.ആര്‍. വിനോദ്, കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവരാണ് നിരോധനാജ്ഞ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.


Comment

Editor Pics

Related News

ലെഗ്ഗിങ്‌സിലും ജാക്കറ്റിലും 25 കിലോ സ്വര്‍ണം; നയതന്ത്ര ഉദ്യോഗസ്ഥ പിടിയില്‍
കത്തോലിക്കാ വൈദികന്‍ വെടിയേറ്റ് മരിച്ചു
രാജീവ് ഗാന്ധി വധത്തെപ്പറ്റി ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു; നമിത് വര്‍മ്മ
രോഹിത് വെമുല ജീവനൊടുക്കിയത് ജാതി പുറത്തറിയുമെന്ന് ഭയന്ന്; കേസവസാനിപ്പിച്ച് പൊലീസ്