നമ്മുടെ, ചാക്കോ ശ്ലീഹ, സംഭവമാണൂട്ടാ!

0
117


കേരളത്തിൽ ചാക്കോ ശ്ലീഹ എന്നറിയപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ യാക്കോബ്. ജാക്കോബ് എന്ന പേര് ലോപിച്ചാണ് ചാക്കോ എന്ന പേരുണ്ടായത്. ഗലീലിയിലെ മുക്കുവനായിരുന്ന സെബദിയുടെ മക്കളിലൊരുവനായിരുന്നു വിശുദ്ധ യാക്കോബ്. സെബദീപുത്രന്മാർ എന്നാണ് ഇദ്ദേഹത്തെയും സഹോദരൻ യോഹന്നാനെയും ബൈബിൾ വിശേഷിപ്പിക്കുന്നത്. യാക്കോബ് നാമധാരികളായ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി വിശുദ്ധൻ ‘വലിയ യാക്കോബ്’ എന്ന പേരിലും അറിയപ്പെടുന്നു. വിശുദ്ധ പത്രോസും വിശുദ്ധ യോഹന്നാനും യാക്കോബുമാണ് യേശുവിന്റെ രൂപാന്തരീകരവേളയിൽ ഒപ്പമുണ്ടായിരുന്നത്. യേശു ഗെത്സമൻ തോട്ടത്തിൽ രക്തം വിയർത്ത സമയത്തും യാക്കോബ് ഒപ്പമുണ്ടായിരുന്നു. ഹേറോദ് അഗ്രിപ്പായുടെ ഉത്തരവനുസരിച്ച് 43-ൽ ജെറുസലേമിൽ വെച്ച് വിശുദ്ധനെ ശിരച്ഛേദം ചെയ്ത് കൊലപ്പെടുത്തി.

”നിങ്ങളും ഇതേ കാസയിൽ നിന്നും കുടിക്കും” എന്ന തിരുവചനത്തിലൂടെ തന്റേതുപോലെ തന്നെയാകും ഇവരുടെയും അന്ത്യമെന്ന് യേശു പ്രവചിച്ചു. തന്റെ രാജ്യത്തിൽ ഈ സഹോദരൻമാരുടെ സ്ഥാനം തന്റെ ഇടതും വലതുമായിരിക്കുമെന്ന് യേശു അവരോട് വാഗ്ദാനം ചെയ്തു. അപ്പസ്തോലൻമാരിൽ വിശുദ്ധ യാക്കോബിന്റെ മരണം മാത്രമാണ് ബൈബിളിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് ശിഷ്യന്മാരിൽ തന്റെ ഗുരുവിനായി ജീവൻ ബലികഴിക്കുവാനുള്ള ആദ്യ ഭാഗ്യം വിശുദ്ധ യാക്കോബിനായിരുന്നു

പാരമ്പര്യങ്ങൾ പ്രകാരം ഇദ്ദേഹത്തിന്റെ വിശ്വാസതീക്ഷ്ണത കണ്ട് അമ്പരന്ന ആരാച്ചാർ ക്രിസ്തുമതം സ്വീകരിക്കുകയും ഇരുവരും ഒരുമിച്ച് രക്തസാക്ഷികൾ ആകുകയും ചെയ്തു. സ്പെയിനിലെ കമ്പസ്തോലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കപ്പെട്ടത്.

മധ്യകാലഘട്ടങ്ങളിൽ കോമ്പോസ്റ്റെല്ലായിലെ വിശുദ്ധ യാക്കോബിന്റെ ദേവാലയത്തിലേക്ക് നിരവധി തീർഥാടകരാണ് പ്രാർഥിക്കാൻ പോയിരുന്നത്. ഇസ്രയേലിന് ശേഷം ഏറ്റവുമധികം തീർഥാടകർ എത്തിയിരുന്നത് ഇവിടെയായിരുന്നു.

യാക്കോബും സഹോദരൻ വിശുദ്ധ യോഹന്നാനും, പത്രോസ്-അന്ത്രയോസ് എന്നീ സഹോദരൻമാരുമായി ആഴമായ സൌഹൃദമുണ്ടായിരുന്നു. ഗലീലി നദിയുടെ വടക്കൻ തീരപ്രദേശത്തുള്ള ബത്സയിദായിലായിരുന്നു ഇവരുടെ താമസം. ഒരു പഴയ ഐതിഹ്യപ്രകാരം യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരിയായിരുന്നു വിശുദ്ധ യാക്കോബിന്റെ അമ്മ സലോമി. ആയതിനാൽ വിശുദ്ധ യാക്കോബിന് യേശുവിനെ ചെറുപ്പം മുതലേ അറിയുമെന്ന് അനുമാനിക്കുന്നു.

കുതിരപ്പുറത്ത് വാളേന്തി നിൽക്കുന്ന യോദ്ധാവായിട്ടാണ് ഇദ്ദേഹത്തെ ചിത്രീകരിക്കുക. മൂർ വംശജരോടുള്ള യുദ്ധത്തിൽ സ്പാനിഷ് സൈന്യം പരാജയപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ വെള്ളക്കുതിരയുടെ പുറത്ത് ഒരു പടയാളിയുടെ രൂപത്തിൽ ഇദ്ദേഹം പ്രത്യക്ഷനായി. തുടർന്ന് സ്പാനിഷ് സൈന്യം യുദ്ധത്തിൽ വിജയിച്ചു. ഇദ്ദേഹത്തെ സ്‌പെയിനിന്റെ സ്വർഗീയ മധ്യസ്ഥനായി വണങ്ങുന്നതും ഈ സംഭവം മൂലമാണ്

കേരളത്തിലെ തീരദേശ ക്രൈസ്തവരുടെ ഇടയിൽ ഇദ്ദേഹം വളരെയേറെ ആദരിക്കപ്പെടുന്ന വിശുദ്ധനാണ്. സാന്റിയാഗോ എന്ന സ്പാനിഷ് നാമം ലോപിച്ച് സന്ധ്യപുണ്യാളൻ എന്നറിയപ്പെടുന്നതും വിശുദ്ധ യാക്കോബ് തന്നെ. കേരളത്തിലെ തീർഥാടനകേന്ദ്രമായ മുണ്ടംവേലി സെയിന്റ് ലൂയിസ് ദേവാലയം വി.യാക്കോബ് ശ്ലീഹായുടെ അത്ഭുത പ്രവർത്തനങ്ങൾക്ക് പ്രശസ്തമാണ്. എല്ലാ വർഷവും ഡിസംബർ 30ന് അത്യാഢംബര പൂർവ്വമാണ് വിശുദ്ധന്റെ തിരുന്നാൾ ആഘോഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here