സമവായത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഫൊക്കാന നേതാക്കള്‍

0
35

ന്യുയോര്‍ക്ക്: സമവായത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ജോര്‍ജി വര്‍ഗീസ് പ്രസിഡന്റായ ഫൊക്കാന നേതാക്കള്‍ വ്യക്തമാക്കി. ഇപ്പോഴത്തെ ഭാരവാഹികളെ നിലനിര്‍ത്തിക്കൊണ്ടുള്ള മറ്റ് ഒത്തുതീര്‍പ്പുകള്‍ക്ക് ഒരുക്കമാണെന്ന് മുതിര്‍ന്ന നേതാവ് പോള്‍ കറുകപ്പള്ളി പറഞ്ഞു.

സംഘടന ഒന്നായി പോകണമെന്നാണ് തങ്ങളുടെ താത്പര്യമെന്ന് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവര്‍ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യുയോര്‍ക്ക് ചാപ്റ്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

2020 – 2022 ഭരണ സമിതിയിലേക്ക് പ്രസിഡന്റ് ആയി മത്സരിക്കാന്‍ നാളുകള്‍ക്കു മുമ്പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നതായി ജോര്‍ജി വര്‍ഗീസ് പറഞ്ഞു .അമേരിക്കയിലെ ഒട്ടു മിക്ക അംഗ സംഘടനകളിലും നേരിട്ട് സന്ദര്‍ശിച്ചുകൊണ്ട് 34 സംഘടനകളില്‍ നിന്നും ഒരു മികച്ച ടീമിനെ മാസങ്ങള്‍ക്കു മുന്‍പ് തന്നെ താന്‍ തെരഞ്ഞെടുത്തു. നേരിട്ടുള്ള ഒരു തെരഞ്ഞെടുപ്പിലൂടെ തന്നെ തെരെഞ്ഞെടുക്കപ്പെടണമെന്നായിരുന്നു തന്റെയും ടീമംഗങ്ങളുടെയും ആഗ്രഹം.

തെരെഞ്ഞെടുപ്പിനു മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തന്റെ ടീം സജ്ജമായപ്പോള്‍ മറു ഭാഗത്തുള്ള ടീമിന് ഒട്ടുമിക്ക സ്ഥാനങ്ങളിലേക്കും സ്ഥാനാര്‍ത്ഥികള്‍ പോലുമുണ്ടായില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് പത്രിക നല്‍കാനായില്ല. പകരം തെരെഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാധവന്‍ നായര്‍ക്കൊപ്പം ചേരുകയായിരുന്നു അവര്‍. നിയമപ്രകാരം നടന്ന തെരഞ്ഞെടുപ്പിനായി പത്രികപോലും സമര്‍പ്പിക്കാതെ തെരെഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്ന അവര്‍ക്ക് എങ്ങനെയാണ് തെരെഞ്ഞെടുപ്പ് നടത്തിയതിനെതിരെ കേസ് കൊടുക്കുവാന്‍ കഴിയുക? ജോര്‍ജി ചോദിച്ചു.

തെരെഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന കേസ് മേരിലാന്‍ഡ് ഫെഡറല്‍ കോടതിയിലേക്ക് മാറ്റാന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഓര്‍ഡറിനെ തുടര്‍ന്ന് ക്വീന്‍സ് സുപ്രീം കോടതിയിലെ റെസ്‌ട്രെനിംഗ് ഓര്‍ഡര്‍ 14 ദിവസം കഴിഞ്ഞാല്‍ നില നില്‍ക്കുന്നതല്ല എന്ന നിയമോപദേശം ഉള്ളതിനാല്‍ 14 ദിവസം കാത്ത ശേഷം ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പല നൂതന പ്രവര്‍ത്തന പരിപാടികളും പുതിയ കമ്മറ്റി ആവിഷ്ക്കരിച്ചു കഴിഞ്ഞു. ഫൊക്കാനയുടെ വിവിധ റീജിയണുകളുടെയും ആഭിമുഖ്യത്തില്‍ അംഗ സംഘടന നേതൃത്വവുമായുള്ള മീറ്റ് ആന്‍ഡ് ഗ്രീറ്റ് എന്ന ജന സമ്പര്‍ക്ക പരിപാടി നടത്തിക്കഴിഞ്ഞു. ഇനിയും ഇത് തുടര്‍ന്നുകൊണ്ടിരിക്കുകകയാണ്. ഒട്ടേറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഒരുപാട് പ്രവര്‍ത്തന രൂപരേഖകള്‍ ഈ മീറ്റിംഗുകളില്‍ നിന്ന് ഉരുത്തിരിഞ്ഞു. ഒക്ടോബറില്‍ മലയാളം അക്കാദമി ഉദ്ഘാടനം, നവംബറില്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മെഗാ ഷോ, ഡിസംബറില്‍ ടാലന്റ് ഹണ്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ നടക്കുന്ന വിവരവും ജോര്‍ജി വര്‍ഗീസ് പ്രഖ്യാപിച്ചു.

വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷാഹിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വരെ പ്രാധാന്യമുള്ള പല പ്രവര്‍ത്തങ്ങള്‍ക്കും രൂപരേഖ തയാറാക്കി കഴിഞ്ഞു. കോവിഡ് 19 മഹാമാരിയുടെ സാധ്യതകള്‍ കൂടി ഉള്‍ക്കൊണ്ടുള്ള പരിപാടികള്‍ക്കാണ് വിമന്‍സ് ഫോറം രൂപം നല്‍കി വരുന്നത്.

പുറത്തു നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ തയാറായിക്കൊണ്ട് തുറന്ന മനസ്സോടെയാണ് തന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ഭരണ സമിതി പ്രവര്‍ത്തിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോടും പകയില്ല. എല്ലാവരെയും ഉള്‍ക്കൊള്ളിക്കണം . തുറന്ന് മനസ്സോടെ തിരികെ വരാന്‍ തയാറാകുന്ന എല്ലാവരെയും ഇരു കൈയ്യുംനീട്ടി സ്വാഗതം ചെയ്യുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോര്‍ജി വര്‍ഗീസ് വ്യക്തമാക്കി.

ഫൊക്കാന ട്രഷര്‍ സണ്ണി മറ്റമന, ബി.ഒ.ടി. മുന്‍ ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി ജോണ്‍, വൈസ് പ്രസിഡന്റ് തോമസ് തോമസ്, ആര്‍ വി പി ഡോ. ജേക്കബ് ഈപ്പന്‍, ബി.ഒ.ടി. സെക്രട്ടറി സജി പോത്തന്‍, ബിജു ജോണ്‍, ഗ്രേസ് ജോസഫ് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രസ് ക്ലബില്‍ ആര്‍ക്കും തങ്ങളുടെ ഭാഗം വിശദീകരിക്കുവാന്‍ അവസരം നല്‍കുമെന്നും എന്നാല്‍ ഏതെങ്കിലും സംഘടനയുമായോ ഗ്രുപ്പുമായോ പ്രസ് ക്ലബിന് ബന്ധമൊന്നുമില്ലെന്നു ഐപിസിഎന്‍എ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ് തുടക്കത്തിലേ വ്യക്തമാക്കി. പ്രസ്ക്ലബ് ഒരു നിഷ്പക്ഷ സംഘടനയാണ്.

പ്രസ് ക്ലബ് സെക്രട്ടറി റെജി ജോര്‍ജ്, ഐപിസിഎന്‍ എനാഷണല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍ , ജോസ് കാടാപ്പുറം (കൈരളി ടി.വി.), ടാജ് മാത്യു, രാജു പള്ളത്ത് (ഏഷ്യാനെറ്റ്), മധു കൊട്ടാരക്കര, സണ്ണി പൗലോസ്, സജി എബ്രഹാം, മൊയ്തീന്‍ പുത്തന്‍ച്ചിറ, ഫ്രാന്‍സിസ് തടത്തില്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here